11:13pm 30 April 2026
NEWS
ആർഎസ്‌എസ്സിന് കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുണ്ടെന്ന കർണാടക മന്ത്രിയുടെ ആരോപണം കത്തുന്നു.
17/02/2026  12:37 PM IST
വിഷ്ണുമംഗലം കുമാർ
ആർഎസ്‌എസ്സിന് കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുണ്ടെന്ന കർണാടക മന്ത്രിയുടെ ആരോപണം കത്തുന്നു

ആർ എസ്‌ എസ്സിനെയും ബിജെപിയെയും അവസരം കിട്ടുമ്പോഴൊക്കെ വിമർശിക്കാൻ മടിക്കാത്ത കോൺഗ്രസ്സ് നേതാവാണ് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. എഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ മകനാണ് അദ്ദേഹം. "രണ്ടായിരത്തി അഞ്ഞൂറോളം സംഘടനകളുടെ കൂട്ടായ്മയാണ് ആർ എസ്‌ എസ്സ്. ആ സംഘടനകൾ സമാഹരിക്കുന്ന പണമെല്ലാം ചെന്നുചേരുന്നത് ആർ എസ്‌ എസ്സിലാണ്. രൂപം കൊണ്ടിട്ട് ഇത്രയും വർഷമായിട്ടും ആർ എസ്‌ എസ്‌ ഇതുവരെയും രജിസ്റ്റർ ചെയ്യപ്പെടാത്തതിന്റെ പിന്നിൽ നിഗൂഢതകളുണ്ട്. ഭരണഘടനയ്ക്ക് മേലെയാണ് തങ്ങളെന്ന പ്രതീതി സൃഷ്ടിച്ചാണ് ആർ എസ്‌ എസ്സ് പ്രവർത്തിക്കുന്നത്. ആ പ്രസ്ഥാനത്തിന് കള്ളപ്പണം വെളുപ്പിക്കുന്ന ഇടപാടുണ്ട്. അന്യായമായ രീതിയിലൂടെയാണ് ആർ എസ്‌ എസ്‌ പണമുണ്ടാക്കി സമൂഹത്തിൽ കരുത്തു നേടുന്നത്. ആർ എസ്‌ എസ്സാണ് ബിജെപിയുടെ പിൻബലം. ആർ എസ്‌ എസ്സ് ഇല്ലെങ്കിൽ ബിജെപി ഒന്നുമല്ല"കർണാടക ഗ്രാമീണ വികസന, ഐ ടി മന്ത്രി പ്രിയങ്ക് ഖാർഗെ ബംഗളുരുവിൽ നടത്തിയ പ്രസംഗമാണ് വിവാദമായി കത്തിപ്പടർന്നത്. ബിജെപി അതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. " മിനിസ്റ്റർ ഖാർഗെ ആദ്യം അദ്ദേഹത്തിന്റെ പിതാവ് നയിക്കുന്ന കോൺഗ്രസ്സിന്റെ കാര്യം നോക്കട്ടെ. കോൺഗ്രസ്സിന്റെ രജിസ്ട്രേഷൻ ഏതുനിമിഷവും നഷ്ടപ്പെടും. പിതാവിന്റെ പദവിയും പോകും" ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര പ്രതികരിച്ചു. "കല്യാൺ കർണാടക മേഖല ഇക്കാലമത്രയും അവികസിതമായി നിലനിർത്തിയത് ഖാർഗെ കുടുംബമാണ്. മന്ത്രിയായ ശേഷം കല്യാൺ കർണാടകയുടെ വികസനത്തിന്‌ എന്തു സംഭാവനയാണ് പ്രിയങ്ക് ഖാർഗെ നൽകിയത്? വിജയേന്ദ്ര പരിഹാസത്തോടെ ചോദിച്ചു. "അര നൂറ്റാണ്ടുകാലം അധികാരത്തിലിരുന്നിട്ട് കല്യാൺ കർണാടക മേഖലയിൽ കോൺഗ്രസ്സോ ഖാർഗെ കുടുംബമോ വികസനം കൊണ്ടുവന്നില്ല. എന്നിട്ടും ആർ എസ്‌ എസ്സിനെയും ബിജെപിയെയും വിമർശിക്കുന്നത് മലർന്നുകിടന്ന് തുപ്പുന്നതിന് സമമാണ്" പ്രതിപക്ഷ നേതാവ് ആർ അശോക് കുറ്റപ്പെടുത്തി. വിവാദമായിട്ടും ആർ എസ്സ് എസ്സിനെതിരെ ഉന്നയിച്ച കള്ളപ്പണ ഇടപാട് പ്രിയങ്ക് ഖാർഗെ ആവർത്തിച്ചു.  "വിജയേന്ദ്രയുടെ പിതാവ് നാലുതവണ മുഖ്യമന്ത്രിയായിരുന്നു. എന്നിട്ട് ശിവമോഗയിൽ എന്തു വികസനമാണ് അദ്ദേഹം കൊണ്ടുവന്നത്? " പ്രിയങ്ക് മറുചോദ്യം ഉന്നയിച്ചു. ബിജെപിയും പ്രിയങ്ക് ഖാർഗെയും തമ്മിലുള്ള വാക്പ്പോര് മുറുകുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img